കാളികാവ് - പൊതു വിവരങ്ങള്‍

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ ബ്ളോക്കിലാണ് കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെള്ളയൂര്‍, കാളികാവ്, ചോക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കാളികാവ് ഗ്രാമപഞ്ചായത്തിനു 95 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വണ്ടൂര്‍, ചോക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കരുവാരക്കുണ്ട്, തുവ്വൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വണ്ടൂര്‍, പോരൂര്‍ പഞ്ചായത്തുകളുമാണ്. പൌരാണികമായൊരു സാംസ്കാരിക ചരിത്രപശ്ചാത്തലമുള്ള ഗ്രാമമാണ് കാളികാവ്. ഈ പ്രദേശത്തിന്റെ പഴയ പേര് കണ്ണത്ത് കാളികാവ് എന്നായിരുന്നു. കരുവാരക്കുണ്ട് പഞ്ചായത്തിലെ കണ്ണത്ത് എന്ന പ്രദേശത്ത് പുരാതനകാലത്ത് നിലവിലുണ്ടായിരുന്ന ഒരു കാളീക്ഷേത്രത്തിന്റെ കാവായിരുന്നു ഇന്നത്തെ അമ്പകുന്ന് പ്രദേശം. അമ്പകുന്ന് പ്രദേശത്ത് കണ്ണത്ത് കാളിയുടെ കാവ് സ്ഥിതിചെയ്തിരുന്നതിനാല്‍ കണ്ണത്ത് കാളികാവ് എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെട്ടു. കാലാന്തരത്തില്‍ കണ്ണത്ത് കാളികാവ് എന്ന പേര് ലോപിച്ച് “കാളികാവ്” എന്നായി മാറി. പഞ്ചായത്തിന്റെ കിഴക്കുഭാഗം മുഴുവനായും കുന്നിന്‍ചെരിവുകളാണ്. മൊത്തംഭൂമിയുടെ 20 ശതമാനം വരും ഈ മേഖല. ഉയര്‍ന്ന കുന്നിന്‍ചെരിവുകളും, മലകളും ഫോറസ്റ്റ് അധീനതയിലും സ്വകാര്യവ്യക്തികളുടെ കൈവശത്തിലുമാണ്. ഫലഭൂയിഷ്ഠമായ മേഖലകളിലെ ചില പ്രദേശങ്ങളില്‍ വിലമതിക്കാനാവാത്ത വനസമ്പത്തുമുണ്ട്. 25 ശതമാനത്തോളം വരുന്ന മലകളുടെ താഴ്വരകള്‍ ഫലഭൂയിഷ്ഠമാണ്. തെങ്ങ്, കമുക്, റബ്ബര്‍, വാഴ, കുരുമുളക്, ജാതിമരം തുടങ്ങി ഒട്ടനവധി വിളകള്‍ ഇവിടങ്ങളില്‍ സമൃദ്ധമായി വളരുന്നു. മലപ്പുറം ജില്ലയുടെ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴയ കിഴക്കനോനാടിന്റെ (ഇന്നത്തെ നിലമ്പൂര്‍ താലൂക്ക്) തെക്കുകിഴക്ക് ഭാഗത്തായാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കിഴക്കന്‍ മലവാരത്തില്‍ നിന്ന് പ്രധാനമായും പടിഞ്ഞാറോട്ടും തെക്കോട്ടും ചരിഞ്ഞുകിടക്കുന്ന വലിയൊരു ഭൂപ്രദേശമാണ് ഈ പഞ്ചായത്ത്. മലകളില്‍ നിന്ന് ഉത്ഭവിച്ചിറങ്ങുന്ന ചെറിയ അരുവികള്‍ ഒത്തുകൂടി ഒഴുകി പുഴകളായി രൂപാന്തരപ്പെട്ട് പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകുന്നു. അടക്കാകണ്ടിലെ ചെറുപുഴ, ചോക്കാട് പുഴ, കോട്ടപ്പുഴ, പുറ്റമണ്ണതോട് എന്നിവയാണ് നാല് പ്രധാന ജലസ്രോതസ്സുകള്‍.