വിവരണം


മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ ബ്ളോക്കിലാണ് കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1961ല്‍ രൂപീകൃതമായ പഞ്ചായത്തിന് 95 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 16151 സ്ത്രീകളും 14783 പുരുഷന്‍മാരുമടങ്ങുന്ന 30934-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 98 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിന്റെ പ്രധാന വിളകള്‍ റബ്ബര്‍, തെങ്ങ്, കവുങ്ങ്, എന്നിവയാണ്. കാളികാവ് പുഴയും പുറ്റമണ്ണ തോടുമാണ് പഞ്ചായത്തിന്റെ പരിധിക്കുള്ളില്‍ വരുന്ന പ്രധാന ജലാശയങ്ങള്‍. 5 കുളങ്ങളും 8 പൊതു കിണറുകളും പലവിധ ജലസ്രോതസ്സുകളില്‍ ഉള്‍പ്പെടുന്നു. ആകെ വിസ്തൃതിയുടെ 47.3 ശതമാനം വന മേഖലയാണ്. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിനായി 140 വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 17 കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ നിന്ന് വേഗത്തില്‍ പ്രാപ്യമായ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, വാണിയമ്പലവും, ബേപ്പൂരുമാണ്. കാളികാവാണ് പ്രദേശത്തുള്ള പ്രധാന ബസ് സ്റ്റ്റാന്റ് സ്ഥിതിചെയ്യുന്നത്. നിലമ്പൂര്‍-പെരിമ്പിലാവ് മലയോര ഹൈവേയും കാളികാവ്-കോഴിക്കോട് റോഡും അരിമണല്‍ പാലം, ചെങ്കോട് പാലം, കാളികാവ് പാലം, മണ്ണാട്ട്കടവ് പാലം, അമ്പലക്കടവ് പാലം തുടങ്ങിയ പാലങ്ങളുമാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിച്ചു നിര്‍ത്തുന്നത്. ഇഷ്ടിക നിര്‍മ്മാണമാണ് ഗ്രാമത്തിലെ പ്രധാന വ്യവസായം.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും കാളികാവ്് ഏജന്‍സികളാണ് പഞ്ചായത്തില്‍ ഇന്ധന വിതരണം നടത്തുന്നത്. 9 റേഷന്‍കടകളും ഒരു മാവേലിസ്റ്റോറുമടക്കം 10 പൊതുവിതരണകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ആഴ്ചചന്തകളും ഷോപ്പിംഗ് കോംപ്ളക്സുകളുമുള്‍പ്പെടെയുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാളികാവിലാണ്. വിവിധ മതങ്ങളുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ചെങ്കോട് സെന്റ് സേവിയേഴ്സ് പള്ളി, കാളികാവ് ഭഗവതി ക്ഷേത്രം, പരിയങ്ങാട് ജുമാ മസ്ജിദ്, പള്ളിശ്ശേരി ജുമാ മസ്ജിദ് തുടങ്ങിയവയാണ് പ്രധാന ദേവാലയങ്ങള്‍. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്ന കെ. കുഞ്ഞാലി, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച അബ്ദുള്‍ നാസര്‍ എന്നിവര്‍ പഞ്ചായത്തില്‍ നിന്നുള്ള സവിശേഷ വ്യക്തിത്വങ്ങളാണ്. ഫ്രണ്ട്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, കാളികാവ് പഞ്ചായത്ത് ലൈബ്രറി, പാറശ്ശേരി പ്രണവം ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്, നാഷണല്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. ആരോഗ്യ രംഗത്ത് അലോപ്പതി, ആയ്യുര്‍വേദം, ഹോമിയോപ്പതി എന്നീ മൂന്നു വിഭാഗങ്ങളിലും പഞ്ചായത്തില്‍ ചികിത്സാ സൌകര്യം ലഭ്യമാണ്. സഫ ആശുപത്രിയും ദയ ആശുപത്രിയും അലോപ്പതി ചികിത്സാരംഗത്തുള്ള സ്വകാര്യ സ്ഥാപനങ്ങളാണ്. ആയുര്‍വേദ ഡിസ്പെന്‍സറി പൂങ്ങോട്ടും ഹോമിയോ ഡിസ്പെന്‍സറി വെള്ളയൂരുമാണ് സ്ഥിതിചെയ്യുന്നത്. കാളികാവ് പ്രാഥമികആരോഗ്യകേന്ദ്രത്തിന് പാറശ്ശേരി, ചാഴിയോട്, ആമപ്പൊയില്‍, അഞ്ചച്ചുവടി, വെള്ളയൂര്‍ എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിലെ വെറ്റിനറി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കാളികാവ്, അടയ്ക്കാകുണ്ട് എന്നിവിടങ്ങളിലാണ്.പഞ്ചായത്തില്‍ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ളവയാണ്. പള്ളിശ്ശേരി സര്‍ക്കാര്‍ എല്‍.പി.എസ്, അടക്കാകുണ്ട് സര്‍ക്കാര്‍ എല്‍.പി.എസ്., വെള്ളയൂര്‍ എ.യു.പി.എസ്, അടക്കാകുണ്ട് എച്ച്.എസ്.എസ് തുടങ്ങി 10 സ്കൂളുകള്‍ പ്രദേശത്ത് നിലവിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രണ്ട് അറബിക് കോളേജുകളും പ്രവര്‍ത്തിച്ചുവരുന്നു.ബാങ്കിംഗ് മേഖലയില്‍ ദേശസാല്‍കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കുള്‍പ്പെടെ 6 ബാങ്കുകള്‍ പഞ്ചായത്തില്‍ നിലവിലുണ്ട്. ഒരു സ്വകാര്യ ബാങ്കും നാല് സഹകരണബാങ്കുകളുമാണ് മറ്റു സ്ഥാപനങ്ങള്‍.പൊതുപരിപാടികള്‍, വിവാഹം എന്നിവ നടത്തുന്നതിന് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്് കാളികാവ് ബി.ബി. ആഡിറ്റോറിയത്തെയാണ്. വാര്‍ത്താവിനിമയ സ്ഥാപനങ്ങളായ ടെലിഫോണ്‍ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ് എന്നിവയും വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍ മുതലായവയും സ്ഥിതിചെയ്യുന്നത് കാളികാവിലാണ്.